Saturday, May 30, 2015

അജാതൻ

'സ്വന്തം' എന്ന പറയാൻ ആകെ ഉണ്ടായിരുന്ന  ഫേസ്ബുക്ക്‌ അക്കൌണ്ടും ഡിലീറ്റ് ചെയ്ത് ഇന്റർനെറ്റ്‌ കഫെ വിട്ട് അജാതൻ* പുറത്തിറങ്ങുമ്പോൾ നേരം  ഇരുട്ടിയിരുന്നു. മിച്ചം വെച്ച പൈസ കൊണ്ടായിരുന്നു അയാള് ടച്ച് സ്ക്രീൻ ഉള്ള മൊബൈൽ ഫോണ്‍ വാങ്ങിയത്.ആപ്പുകൾ ആപ്പാണെന്ന് തിരിച്ചറിഞ്ഞതിനാലാവാം  അയാൾ  ചൂണ്ടു വിരലിനാൽ  അതിലെ  ഓരോ ആപ്പും ചിക്കി ചിക്കി തുടച്ചുനീക്കി. രക്തം വാർന്നു  പോയ ശരീരം പോലെ വിളറി വെളുത്ത ആ ഫോണ്‍  അയാൾ കടലിലേക്കെറിഞ്ഞു.

നടന്നൊടുക്കം  പുഴക്കരയിലെത്തുമ്പോഴേക്കും നിലാവുദിച്ചിരുന്നു.പടിക്കെട്ടുകൾക്ക്  അല്പം അകലെയായുള്ള കൈവരിയിൽ അയാൾ  ആകാശത്തേക്ക് കണ്ണും നട്ട് കിടന്നു. പഴങ്കഥയിലെ മരംവെട്ടുകാരനെയും അയാളുടെ നഷ്ടപ്പെട്ട കോടാലിക്ക് പകരം സ്വർണ്ണ കോടാലി നൽകിയ വനദേവതയും അയാൾ സ്വപനം കണ്ടു. സ്വപ്‌നങ്ങൾ പുതച്ച് പുഴയുടെ മാറിൽ അയാൾ ചുരുണ്ടുകൂടി . 
മൂന്നാം പക്കം കരയ്ക്കടിഞ്ഞ  അയാളുടെ ചെവിയിൽ ഒരു പരൽ മീൻ  ഒളിച്ചിരുന്നു.
ആരാലും 'ടാഗ്' ചെയ്യപ്പെടാത്ത മൃതശരീരമായി അയാൾ  പിറ്റേന്നത്തെ പത്രത്തിലെ ചരമക്കോളത്തിന്റെ ഒരു കോണിൽ ഒതുങ്ങിക്കിടന്നു.




*ജനിച്ചിട്ടില്ലാത്തവൻ   



1 comment: