Monday, June 29, 2015

കണ്ടത് കവിതയോ? കേട്ടത് ശില്പമോ?

കണ്ടത് കവിതയോ? കേട്ടത് ശില്പമോ?
അറിയില്ല. തിരിച്ചറിയാനാവാത്ത വിധം ലയിക്കപ്പെട്ട , പഞ്ചേന്ദ്രിയങ്ങളെ ത്രസിപ്പിക്കുന്നവയായിരുന്നു ദർബാർ ഹാളിലെ പോയട്രി ഇൻസ്റ്റലേഷനിൽ പങ്കെടുത്തപ്പോഴുള്ള അനുഭവം.പിൻകാലുകളിൽ ഉയർന്നു നിന്ന്, വീമ്പടിക്കുന്ന കുതിരയും ശബ്ദത്തിലമർന്നു കിടക്കുന്ന ചെവിയറ്റ മനുഷ്യരൂപവും തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.
രണ്ടു ശില്പ്പങ്ങളുമിരിക്കുന്ന മുറിയുടെ മദ്ധ്യത്തിൽ നിന്ന് എത്ര തവണ കവിതകളെ തൊട്ടറിഞ്ഞു എന്നറിയില്ല. അപ്പോഴെനിക്കൊരു ഒളിഞ്ഞുനോട്ടക്കാരിയുടെ മനസ്സായിരുന്നിരിക്കണം.കാഴ്ചയും ശബ്ദവും ഇണ ചേർന്ന് ഒന്നാവുന്നത് പല തവണയായി ഞാൻ ഒളിച്ചുകണ്ടു.
കവിതയുടെ അപാരതയും നിസ്സാരതയും നാല് ചുവരുകൾക്കുള്ളിൽ ഒളിഞ്ഞും തെളിഞ്ഞും നിന്നു.
ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറമാണ്‌ കലയെന്നു ഒരിക്കൽക്കൂടി അടിവരയിട്ടോർമ്മിപ്പിച്ചു 'പോയട്രി ഇൻസ്റ്റലേഷൻ'.
ഓരോ തവണയും അനുഭവബോധ്യമായത് ഓരോ ആശയങ്ങളായിരുന്നു.
എവിടെയും കവിതകൾ മണക്കുന്നുണ്ടായിരുന്നു.
ഒരു 'Collective Conscience' ആയി കവിതയെ ആസ്വദിക്കാമെന്ന് തിരിച്ചറിയിച്ചതിനു പ്രിയപ്പെട്ട സുഹൃത്തുക്കളോടുള്ള അകമഴിഞ്ഞ സ്നേഹവും സന്തോഷവും അറിയിക്കാതെ വയ്യ.
ശബ്ദം നിശബ്ദതയുമാണെന്ന തിരിച്ചറിവ്; കവിത ശിൽപ്പവുമാണെന്ന ബോധ്യത്തിലേക്ക് നയിച്ച സൗഹൃദങ്ങൾക്ക് ഒത്തിരി സ്നേഹം പകരം തരുന്നു.
വിനോദിനും രംഗനാഥിനും അജീഷിനും കലേഷിനും ; കലയുടെ വിപ്ലവകാരികൾക്ക് അഭിവാദ്യങ്ങൾ !!
വാൽകഷ്ണം : നേർത്ത ഇടിമുഴക്കത്തോടെ 'മഴ ഇൻസ്റ്റലേഷൻ' ചെയ്ത കാർമേഘത്തിനും പിന്നെ കണ്ടു-കേട്ട് മുട്ടിയ എല്ലാ മനസ്സുകൾക്കും heart emoticon

Thursday, June 25, 2015

ഒറ്റയാൻ

 അയാൾ  എഴുതിച്ചുരുട്ടി വലിച്ചെറിഞ്ഞ കടലാസുകളിൽ  ചിലതിൽ നിന്നും രക്തം കട്ടകട്ടയായി ഒലിച്ചിറങ്ങി.രക്തത്തിൽ കുതിർന്ന കടലാസുകളെ തീണ്ടാതെ ആട്ടിപ്പായിക്കുന്ന കണ്ണുകളിൽ കാമവും പുകഞ്ഞു.ലിംഗമറിയാത്ത കഥാപാത്രങ്ങൾ കടലാസിന്റെ ചുളിവുകൾ  തകർക്കാൻ  പോന്ന ശബ്ദത്തിൽ മുറവിളികൂട്ടി.

കടലാസുകളിലെ മുരളലുകൾ അസഹ്യമായപ്പോൾ അയാൾ  വരാന്തയിലേക്കോടി.വാരാന്തയിൽ നിന്നും മുറ്റത്തേക്ക് നോക്കിയപ്പോൾ  കണ്ട തന്റെ കാൽപ്പാടുകൾ നോക്കി ആ ജീവൻ വിമ്മിട്ടപ്പെട്ടു.. സമാന്തരമായി നടക്കുന്ന ആ കാലടികൾക്കിടയിൽ  അയാൾ  ഒറ്റപ്പെട്ടു... മൂന്നാമതായൊരു കാലടി അയാൾ  ഒരിക്കലും കണ്ടില്ല. ഉന്മാദത്തിന്റെ  പരിരംഭണവും  പരിണാമവും   അയാൾ  തന്റെയുള്ളിൽ അനുഭവിച്ചറിഞ്ഞു.

അയാൾ  അലറിവിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദമൊന്നും  പുറത്തേക്ക് വന്നതേയില്ല.തനിക്ക് ശബ്ദമില്ലെന്ന് അയാൾ  തിരിച്ചറിഞ്ഞു.വീണ്ടും മുറിയിലേക്ക് മടങ്ങിയെത്തി അയാളെഴുതാനിരുന്നു.കടലാസിൽ  നിന്നും ഒരു  പൂവൻ  കോഴി കൂവിത്തുടങ്ങി. പിറന്നുവീണ കുഞ്ഞിന്റെ ശബ്ദവും പൂച്ചകുഞ്ഞിന്റെ കരച്ചിലും അയാളുടെ ചെവിയിൽ  അലയടിച്ച് നിന്നു.ശബ്ദങ്ങൾ... ശബ്ദങ്ങൾ... അയാളെ തുരത്തിക്കൊണ്ടേയിരുന്നു.

പെട്ടെന്നുണ്ടായ ഞെട്ടലിൽ, അയാൾ  ചുരുട്ടിയെറിഞ്ഞ കടലാസുകൾ വാരിയെടുത്ത് ഓരോന്നായി ചുളിവുകൾ നിവർത്തി  നോക്കിത്തുടങ്ങി. അവയിലൊന്നും ആരെയും കണ്ടില്ല. അരിശം പൂണ്ട് അയാൾ  വീണ്ടും ഓരോന്ന് കോറിയിടുവാൻ തുടങ്ങി. വലിച്ചെറിയുന്ന കടലാസുകളുടെ എണ്ണം കൂടുംതോറും അവയിൽ  നിന്നും പുറത്തേക്ക് വന്ന ശബ്ദവും കൂടിക്കൂടി വന്നു.

അയാളെഴുത്ത് തുടർന്നു.അക്ഷരങ്ങൾ താളുകളിൽ നിന്നും മറുപുറത്തേക്ക് മാർച്ച് ചെയ്ത് നീങ്ങി. എന്തിനെന്നറിയാതെ അയാൾ  എഴുതിക്കൊണ്ടേയിരുന്നു. ശബ്ദമില്ലാത്ത ആത്മഗതങ്ങൾ  അയാളെ പല്ലിളിച്ചു കാട്ടി.അയാളുടെ കടലാസുകെട്ടുകൾ പുസ്തകങ്ങളായില്ല. എങ്കിലും എഴുതുകയല്ലാതെ  മറ്റൊന്നും ചെയ്യാൻ അയാൾക്കാകുമായിരുന്നില്ല.ആ ഭൂഖണ്ഡത്തിൽ അയാളൊരു ഒറ്റയാനായി .



അയാൾക്ക്  ഒരിക്കലും വായനക്കാരുണ്ടായില്ല.
അതിനാൽത്തന്നെ അയാളൊരിക്കലും ഒരെഴുത്തുകാരനായില്ല. 




Sunday, June 14, 2015

പരിസ്ഥിതി ദിനത്തിൽ സജിണ്‍ നട്ടത് ശബ്ദത്തിന്റെയും കാഴ്ചയുടെയും 'വിസ്മയ മരം'

പരിസ്ഥിതി ദിനത്തിൽ മാത്രം നമുടെ നേതാക്കൾ നടുന്ന മരത്തൈകൾ ഉണ്ട്.വന്മരങ്ങൾ ആകുവാനാവാതെ , അടുത്ത പരിസ്ഥിതി ദിനം എത്തും  മുന്പ് തന്നെ പിഴുതെറിയപ്പെടുന്ന ജീവനുകൾ.

എന്നാൽ  ഇത്തവണത്തെ പരിസ്ഥിതി ദിനത്തിൽ ,മലയാള കലാസ്വാദകരുടെ മനസ്സിൽ കാഴ്ചയുടെയും ശബ്ദത്തിന്റെയും ' വിസ്മയ മരം'  നട്ടിരിക്കുകയാണ് സജിൻ  ബാബു എന്ന ഈ ചെറുപ്പക്കാരൻ.




അസ്തമയം വരെ സംവദിക്കുന്ന വിഷയത്തിന്റെ കാലിക പ്രസക്തി, ആഖ്യാനത്തിന്റെ പുതുമ, ദൃശ്യമികവിന്റെ പൂർണ്ണത . അസ്തമയം വരെ വ്യത്യസ്തമാകുന്നത് ചിന്ത്രത്ത്തിന്റെ ഇങ്ങനെ ഓരോ അണുവും  കീറി മുറിച്ച് പരിശോധിക്കുമ്പോഴാണ്. സിനിമയ്ക്ക് പതിവ് ഫോർമുലകൾ  ഒന്നും തന്നെ ഇല്ലെന്നും ,ചിത്രത്തിന്റെ രസക്കൂട്ട് അത് ഗ്രഹിക്കുന്ന കാഴ്ചക്കാരന്റെ അവബോധത്തിലാണെന്നും  ചിത്രം ഓർമ്മിപ്പിക്കുന്നു.


കാർത്തിക് മുത്തു കുമാറിന്റെ  ഛായാഗ്രഹണവും കാർത്തിക്‌ ജോഗേഷിന്റെ എഡിറ്റിംഗും എൻ.ഹരികുമാറിന്റെ   ശബ്ദമിശ്രണവും എടുത്തുപറയേണ്ട  പ്രത്യേകതകളാണ്. സമാന്തര സിനിമയ്ക്ക് സാമ്പത്തിക അടിത്തറ നൽകിയ, സഹനിർമ്മാതാക്കളായ എം.പി. ഷീജയും എൽ. ഗീതയും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

ചിത്രത്തിന്റെ രാഷ്ട്രീയം ഒരേ സമയം ലളിതവും അത്ര കണ്ടു തന്നെ സങ്കീർണവും ആണെന്നു തോന്നിയാലും അത്ഭുപ്പെടാനില്ല.തീയറ്റർ സ്ക്രീനിന്റെ നേർത്ത അതിരിനപ്പുറത്ത് പേരുകൾ  ഇല്ലാത്ത കഥാപാത്രങ്ങൾ നമ്മൾ ഓരോരുതരുമായി മാറുന്നു.ആഴമുള്ള ചിന്തകൾ  സമ്മാനിക്കുന്ന ഷോട്ടുകൾ. 
മതം-മനുഷ്യൻ,-പ്രകൃതി,-ലൈംഗീകത ഇവയൊക്കെ കൂടിച്ചേരുന്ന, സങ്കീർണതകൾ നിറഞ്ഞ മനുഷ്യജീവിതം.


കണ്ടിറങ്ങിയിട്ടും ചിന്തയിൽ  വീണ്ടും തളിരിടുന്നു;'അസ്തമയം വരെ' !!


Saturday, May 30, 2015

അജാതൻ

'സ്വന്തം' എന്ന പറയാൻ ആകെ ഉണ്ടായിരുന്ന  ഫേസ്ബുക്ക്‌ അക്കൌണ്ടും ഡിലീറ്റ് ചെയ്ത് ഇന്റർനെറ്റ്‌ കഫെ വിട്ട് അജാതൻ* പുറത്തിറങ്ങുമ്പോൾ നേരം  ഇരുട്ടിയിരുന്നു. മിച്ചം വെച്ച പൈസ കൊണ്ടായിരുന്നു അയാള് ടച്ച് സ്ക്രീൻ ഉള്ള മൊബൈൽ ഫോണ്‍ വാങ്ങിയത്.ആപ്പുകൾ ആപ്പാണെന്ന് തിരിച്ചറിഞ്ഞതിനാലാവാം  അയാൾ  ചൂണ്ടു വിരലിനാൽ  അതിലെ  ഓരോ ആപ്പും ചിക്കി ചിക്കി തുടച്ചുനീക്കി. രക്തം വാർന്നു  പോയ ശരീരം പോലെ വിളറി വെളുത്ത ആ ഫോണ്‍  അയാൾ കടലിലേക്കെറിഞ്ഞു.

നടന്നൊടുക്കം  പുഴക്കരയിലെത്തുമ്പോഴേക്കും നിലാവുദിച്ചിരുന്നു.പടിക്കെട്ടുകൾക്ക്  അല്പം അകലെയായുള്ള കൈവരിയിൽ അയാൾ  ആകാശത്തേക്ക് കണ്ണും നട്ട് കിടന്നു. പഴങ്കഥയിലെ മരംവെട്ടുകാരനെയും അയാളുടെ നഷ്ടപ്പെട്ട കോടാലിക്ക് പകരം സ്വർണ്ണ കോടാലി നൽകിയ വനദേവതയും അയാൾ സ്വപനം കണ്ടു. സ്വപ്‌നങ്ങൾ പുതച്ച് പുഴയുടെ മാറിൽ അയാൾ ചുരുണ്ടുകൂടി . 
മൂന്നാം പക്കം കരയ്ക്കടിഞ്ഞ  അയാളുടെ ചെവിയിൽ ഒരു പരൽ മീൻ  ഒളിച്ചിരുന്നു.
ആരാലും 'ടാഗ്' ചെയ്യപ്പെടാത്ത മൃതശരീരമായി അയാൾ  പിറ്റേന്നത്തെ പത്രത്തിലെ ചരമക്കോളത്തിന്റെ ഒരു കോണിൽ ഒതുങ്ങിക്കിടന്നു.




*ജനിച്ചിട്ടില്ലാത്തവൻ   



Wednesday, February 18, 2015

ആഴങ്ങളിലേക്കിറങ്ങുന്ന 'ഒരാൾപ്പൊക്കം'

പുരുഷന്റെ ഗർവ്വിന്റെ ഉയരങ്ങൾക്ക് ,സ്ത്രീയുടെ മനസ്സാഴങ്ങളോളം , അടിത്തട്ടിനോളം എത്താനുള്ള ഉയരമുണ്ടോ..? പ്രകൃതിക്കും പുരുഷനുമിടയിൽ  അങ്ങനെയെത്രയെത്ര  പൊരുത്തങ്ങൾ , വൈരുദ്ധ്യങ്ങൾ..!

ബന്ധങ്ങൾ എന്തിനോടും ഏതിനോടുമാകട്ടെ , ബന്ധപെട്ടതൊക്കെ പരസ്പര പൂരകങ്ങളാണെന്ന തിരിച്ചറിവ് നമുക്കെന്നാണുണ്ടാവുക?
മണ്ണിന്റെ മനസറിഞ്ഞവനേ , പെണ്ണിന്റെ മനസ്സറിയാനൊക്കൂ.സ്നേഹം പ്രകൃതിയാണ്.സ്നേഹം ഭൂമി തന്നെയാണെന്ന തിരിച്ചറിവുണ്ടാകും വരെ, നാമെന്തെല്ലമോ തേടിക്കൊണ്ടിരിക്കും.തേടുന്നത് എന്തെന്നറിയാതെ ഒരു തേടൽ.സ്നേഹത്തിന്റെ പര്യായങ്ങൾക്ക്  മുൻപിൽ ഒരു പകച്ചുനിൽപ്പ് .
സ്ത്രീ പുരുഷ ബന്ധങ്ങളിലെ അടിയൊഴുക്കുകൾ  പ്രകൃതിക്കും മനുഷ്യനുമിടയിലെ അനിർവചനീയമായ ബന്ധവുമായി ചേർത്ത് വായിക്കുകയാണ്  'ഒരാൾപൊക്കം'.

നായികാ കഥാപാത്രമായ  'മായ' എന്ന പേരിന്റെ സാധ്യതകൾ നന്നായി ഉപയോഗിച്ചിരിക്കുന്നു ഈ ചിത്രം. 'ഇല്യൂഷൻ ' അഥവാ ഭ്രമം  എന്ന ഭാവത്തിനു എന്നും അർഹയാണ് സ്ത്രീയും പ്രകൃതിയും.അത് ഉദ്യോധിപ്പിക്കുന്ന ചില തോന്നലുകൾ കഥാപാത്രങ്ങളുടെ പേരുകളുമായും  ഇണങ്ങിച്ചേരുന്നു.മഹേന്ദ്രൻ എന്ന നായക കഥാപാത്രത്തെ പരിശോധിക്കാം.പൗരുഷ്ത്തിന്റെ മൂർത്തീ  ഭാവമായി  വിശേഷിപ്പിക്കപ്പെടുന്ന  പരമശിവന്റെ പര്യായമായി  മഹേന്ദ്രനെ വായിക്കാൻ കഴിയുന്നിടത്ത് , ഒരാൾപ്പൊക്കം കൂടുതൽ ചിന്തകളിലേക്ക്  വെളിച്ചം  വീശുന്നു.

കേദാർനാഥിലെ ദുരന്തത്തിൽ പ്രകൃതി അവശേഷിപ്പിച്ചവ , ചിന്തകളെ വീണ്ടും ശക്തമാകുന്നു.
  അയാർത്ഥമായ ഒരു പശ്ചാത്തലത്തിലൂടെ മുന്നോട്ടു പോകുന്ന കഥ, മനുഷ്യന്റെ സ്വാർത്ഥതയുടെ പരിണിത ഫലങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്.തന്റെ ആത്മത്തെ തിരയുന്ന മനുഷ്യൻ എത്തിച്ചേരുന്നത്, പരമമായ ചില തിരിച്ചരിവുകളിലേക്കാണ്.

ബോധപൂർവ്വം  സൃഷ്ട്ടിച്ച ചില 'ഫ്രെയിമുകൾ' സിനിമ വിട്ടിറങ്ങിയാലും ബോധമണ്ഡലത്തെ  ചോദ്യം ചെയ്തുകൊണ്ടേയിരിക്കും.

പ്രകാശ് ബാരെ , തമിഴ് സാഹിത്യകാരി മീന കന്തസ്വാമി എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. പ്രശസ്ത മാധ്യമപ്രവർത്തകൻ വെങ്കിടെഷ്  രാമകൃഷ്ണനും  ചിത്രത്തിൽ ശ്രദ്ധെയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സനൽ കുമാർ ശശിധരൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ , ഇന്ദ്രജിത്തിന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്.ടി .കൃഷ്ണനുണ്ണിയുടെ ശബ്ദമിശ്രണവും ചിത്രത്തിന്റെ ആസ്വാദ്യകത വർദ്ധിപ്പിക്കുന്നു.

സിനിമയെ അത്യന്തം ഗൌരവമായി ആസ്വദിക്കുകയും പഠിക്കുകയും ചെയ്യുന്ന സിനിമ പ്രേമികളുടെ കൂട്ടായ്മ ആയ  'കാഴ്ച ചലച്ചിത്ര വേദി' ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .

പ്രശസ്ത ചലച്ചിത്രകാരാൻ ജോണ്‍ എബ്രഹാം തുടക്കം കുറിച്ച 'പീപ്പിൾസ് സിനിമ' എന്ന ആശയത്തിൽ നിന്നും ഊർജ്ജം  ഉൾകൊണ്ട് നിർമ്മിച്ച ഈ ചിത്രം  , ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ്  കേരള ഘടകം ഏർപ്പെടുത്തിയ , സംവിധാന മികവിനുള്ള , പതിനേഴാമത് ജോണ്‍ എബ്രഹാം പുരസ്കാരത്തിനും അർഹമായതോടെ ചിത്രത്തിന്റെ പ്രസക്തി ഏറുന്നു .

പരസ്പരം സ്നേഹാവകാശങ്ങൾ പങ്കുവെയ്ക്കാതെ നാം നമ്മിലേക്ക് ചുരുങ്ങിയെന്നാലും , അദൃശ്യമായ ഒരു നേർത്തനൂലിനാൽ  അത് നമ്മെ തമ്മിൽ ബന്ധിപ്പിക്കുന്നു എന്നാ തിരിച്ചറിവ് നമുക്ക് ഇനിയും ഉണ്ടായിട്ടില്ല.
മഹേന്ദ്രനും മായയ്ക്കുമിടയിൽ സംഭവിക്കുന്നതെന്തും സ്ത്രീക്കും പ്രകൃതികുമിടയിലും പ്രയുക്തമാണ്.
ഒരാൾപൊക്കം വ്യത്യസ്തമാകുന്നതും വിജയിക്കുന്നതും അത് സ്ത്രീയെയും പ്രകൃതിയെയും ഒരുമിച്ച് ചേർത്ത് വായിക്കുന്നിടത്താണ് .
 കൂടുതൽ വിശകലങ്ങളിലേക്ക് കടക്കുമ്പോൾ 'ഒരാൾപൊക്കത്തിന്റെ' ഉയരം കൂടിക്കൂടി വരുന്നു..

Wednesday, October 29, 2014

സ്വപ്നാടനം







കണ്ണന്റെ വർത്തമാനം കേട്ടാണ് ഇന്ന് ഞാൻ ഉറക്കമുണർന്നത്.സ്വതവേ പതിഞ്ഞ ശൈലിയിലുള്ള സംഭാഷണം അവ്യക്തമായി കേൾക്കാം .ശ്രദ്ധയോടെ കേൾക്കാൻ  ശ്രമിക്കുംതോറും  കണ്ണ് ഉറക്കച്ചടവി നിന്നും ഉണർച്ചയിലേക്ക് അരിച്ചെത്തി.



***************************************************************************
 

ഉറക്കത്തിനിടയിൽ ഉണർന്നു സമയം നോക്കിനോക്കി , വീണ്ടും വീണ്ടും ഉറങ്ങുക എന്നത് പണ്ടേ ഉള്ള ശീലമാണ്.ത്യജിക്കാൻ ഉറക്കം മാത്രം കൈമുതലായി ഉള്ളത് കൊണ്ടാവാം , മിനുട്ടുകളെണ്ണിയാണ് ഞാൻ ഉറങ്ങിയിരുന്നത്.

ഇടയ്ക്ക്  ഒന്നുണർന്നപ്പോൾ നേരം പുലരുന്നെ ഉള്ളു . സമയം 5.50 .അല്പം കൂടി കിടക്കാം.ഒരു പത്ത് മിനിറ്റ് കൂടി .തലേന്ന് വായിച്ചുറങ്ങിയ പുസ്തകം മെത്തയിൽ നിന്നും പരതിയെടുത്ത് തൊട്ടടുത്തുള്ള ഷെൽഫിലേക്ക്  കിടന്ന കിടപ്പിൽ തന്നെ കൈയ്യെത്തി തിരുകി.

അല്പം കഴിഞ്ഞ് വീണ്ടുമുനര്ന്നു സമയം നോക്കി.

 സമയംപുലർച്ചെ  5.39 .കണ്ണ് തിരുമി നല്ല പോലെ ഒന്നൂടെ തെളിച്ചും നോക്കി .അതെ 5.39 തന്നെ.അപ്പോൾ..?
അപ്പോൾ കുറച്ച മുന്പ് 5.50 ആയിരുന്നില്ലേ?
ഇതെന്താ സമയം പിന്നോട്ടോടുന്നോ..?അതോ നേരത്തെ കണ്ടത് സ്വപ്നമായിരുന്നോ..?
തെല്ലു സംശയത്തോടെ മെത്തയിൽ പുസ്തകം തിരഞ്ഞു.വായിച്ച പുസ്ത്തകത്തിനൊപ്പം ഉറക്കം തനിക്ക് പതിവാണ്.
അത് കിടക്കയിലില്ല .അല്പം മുൻപ്  താൻ അതെടുത്ത് ഷെൽഫിലേക്ക് തിരുകിയതാണല്ലോ..?

"അപ്പൊ... പിന്നെ...? സമയം പിന്നോട്ട് പോവുകയാണോ...???"



***************************************************************************
 


 






"പെണ്ണെ.... സമയം പിന്നോട്ട് പോയാലുള്ള ഒരു സമയത്തെപ്പറ്റി നീ ചിന്തിച്ചിട്ടുണ്ടോ..?അതായത്, തൊട്ടടുത്ത നിമിഷം മുതൽ ജീവിതം പിന്നോട്ടോടിയാൽ..?.. 

" നീ ചിന്തിച്ചിട്ടുണ്ടോ അങ്ങനെ എപ്പോഴെങ്കിലും...?അങ്ങനെ ഒരു കഥ എഴുതിക്കൂടെ പെണ്ണെ നിനക്ക്..?"

" ഈ കൊച്ചു വെളുപ്പാൻക്കാലത്ത് എന്നെ ഉറങ്ങാനും സമ്മതിക്കാണ്ട്, ഇരുന്നു കഥ മെനയുകയാനൊ മാഷെ താൻ..?"

പുതപ്പൊന്നുകൂടി  വലിച്ചുമൂടി  അവന്റെ ദേഹത്തോട് ചൂട് പറ്റി .

"താൻ ഇവിടെ ഇങ്ങനെയിരിക്ക് ..ഞാൻ ഒന്ന് കൂടി ധ്യാനിച്ചൊന്നുറങ്ങട്ടെ ..!! നീ കഥ പറഞ്ഞോ കണ്ണാ... ഞാൻ കേള്‍ക്കാം..."

പാതിമയക്കത്തിൽ കേൾക്കുന്ന കഥയ്ക്കൊരു സുഖമുണ്ട്.വാത്സല്യവും പ്രണയവും ഒരേ പോലെ അനുഭവിപ്പിക്കുന്ന പ്രണയാതുരനായ കാറ്റടിക്കും പോലൊരു സുഖം.
"മാഷ്‌ പറഞ്ഞോ... ഞാൻ കേൾക്കുന്നുണ്ടെന്നെ.. !"

വീണ്ടും അവനിലേക്ക് ചുരുണ്ടുകൂടിക്കിടന്നു.



***************************************************************************
 

മുന്നോട്ട് വെച്ച കാലുകൾ പിന്നോട്ടെടുക്കാത്ത ലോകമാണ്.ഇന്ന് പക്ഷെ എന്റെ ലോകം ഇപ്പോൾ പിന്നാക്കം പായും പോലെ.ജീവിതം തന്നെ പിന്നോട്ട് ഓടും പോലെ.

ജോലി സ്ഥലത്ത് നിന്നും കോളേജിലേക്കും അവിടെ നിന്നും സ്കൂളിലേക്കും , സ്കൂളിൽ നിന്നും ആശാൻപള്ളിക്കൂടത്തിലെക്കും മൂക്കൊലിപ്പിച്ച് കൊണ്ട് ഞാൻ യാത്ര തുടർന്നു.

അച്ഛനും അമ്മയും പ്രായം കുറഞ്ഞു  യുവതീ യുവാക്കളായ പോലെ..!!
അമ്മ കൂടുതൽ സുന്ദരിയായിരിക്കുന്നു.അച്ഛനും മോശമല്ല... !!

സ്വപ്നാടകയെ പോലെ അലഞ്ഞ് തിരിഞ്ഞ കാലങ്ങളിൽ ഞാൻ തേടി നടന്ന പുരുഷരൂപത്തിനു  എന്റെ അച്ഛന്റെ ഭാവമായിരുന്നില്ലേ..?

അച്ഛന്റെ നോട്ടവും വർത്തമാനങ്ങളും ശാസനയും വാത്സല്യവുമെല്ലാം നിറഞ്ഞ പുരുഷാത്മാക്കളെ തേടി നടന്നൊടുക്കമല്ലെ കണ്ണനെ ഞാൻ കണ്ടുമുട്ടിയതും..!!?

അതെ ഓരോ സ്ത്രീയും ഒരു പുരുഷനിൽ തിരയുന്നത് അവളുടെ അച്ഛനെയാണ്...!!



***************************************************************************
 


" നീ ഇന്ന് ജോലിക്കൊന്നും പോകാൻ ഉദ്ദേശിച്ചിട്ടില്ലേ പെണ്ണെ..? മടി പിടിച്ചിങ്ങനെയെത്ര നേരം കിടക്കാമെന്നാ..?
കണ്ണൻ വയലിൻ കയ്യിലെടുത്ത് വായിക്കാൻ തുടങ്ങിയിരുന്നു.
" ഞാൻ ഉടനെ ഇറങ്ങും ട്ടോ പെണ്ണെ... കാര്യങ്ങൾ കുറെ ഉണ്ട് ചെയ്തു തീർക്കാൻ."
"ങും " ഉറക്കച്ചടവിൽ ഞാൻ മയത്തിൽ മൂളി...



***************************************************************************
 


കാലം പിന്നിലേക്ക് പോയിക്കൊണ്ടേയിരുന്നു.സാരിയും പാവാടയും ബ്ലൗസുമണിഞ്ഞു ഒരുങ്ങിയ ശരീരം വീണ്ടും കുട്ടിയുടുപ്പുകൾക്ക് വഴിമാറുന്നു.

 മാർദ്ദവമേറിയ പല്ലുകൾ പൊഴിഞ്ഞ് കൊച്ചരിപല്ലുകളായിത്തുടങ്ങുന്നു.

എല്ലാവരും എന്നെ വാത്സല്യത്തോടെ മാത്രം നോക്കുന്നു.ഞാൻ ചെറുതാകും തോറും ലോകം കൂടുതൽ വലുതായി വലുതായി വന്നു.

ലോകം അതിന്റെ  വലിയ വായാൽ എന്നെ അകത്താക്കുമോ എന്ന് ഞാൻ ഭയന്നു.

ക്രമേണ എന്റെ വാക്കുകൾ അവ്യക്തങ്ങളായി.സ്പഷ്ടമായി ഉച്ചരിച്ചിരുന്ന വാക്കുകളെല്ലാം എനിക്ക് അന്യമായി. 

 'ധൃഷ്ട്യദ്യുമ്നൻ 'എന്ന താരതമ്യേന കടുകട്ടിയായ വാക്ക് ഉച്ചരിച്ചു , ഞാനെന്റെ അക്ഷരസ്പുടത നഷ്ടംവന്നിട്ടിലെന്നു ഉറപ്പുവരുത്താൻ ശ്രമിച്ചു. 

എന്നാൽ, 'ദിതിയതുമ്ന' എന്ന കേവല ശബ്ദമായി അതെന്റെ ചെവികളിൽ സ്വയം അലയടിച്ച് ഇല്ലാതെയായി.

പതിവായി കിടക്കയിൽ കിടന്നു മൂത്രമൊഴിക്കാൻ തുടങ്ങിയ എനിക്ക് ജാള്യത മറയ്ക്കാൻ തീരെ കഴിയാതെയായി. 

വാത്സല്യപൂർവ്വമുള്ള നോട്ടങ്ങൾ അഭിമുഖീകരിക്കുന്നതിനിടയിലും കണ്ണൻ വന്നു കണ്ടാൽ എന്ത് കരുതുമെന്ന ലജ്ജയിൽ ,നൂൽബന്ധമില്ലാതെ ഞാൻ തുണിത്തൊട്ടിലിൽ പലപ്പോഴും ചുരുണ്ടുകൂടി .

പാൽമണം  വീണ്ടും എന്റെ ചുണ്ടുകളിൽ വന്നു നിറഞ്ഞു.
വെറ്റില കൊണ്ട് മൂടി അച്ഛൻ ചെവിയിലോതിയ  പേര് പോലും എനിക്ക് അന്യമായി.

ഞാൻ ,ഞാനാകും മുൻപേ ഉള്ള ഞാൻ അങ്ങനെ ഞാനല്ലാതെയായി.



***************************************************************************
 

 
വയലിനും പെട്ടിയിലാക്കി നീ പോകാൻ തുടങ്ങുമ്പോഴേക്കും ഞാൻ അമ്മയുടെ പ്രസവവേദനയ്ക്ക് ഇപ്പുറമുള്ള  ലോകത്തെത്തിയിരുന്നു. ആ ജീവഗോളം  മാത്രമാണെന്റെ ലോകമെന്നു അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു.

നീ മടങ്ങി വന്നു വയലിൻ മീട്ടുന്നതും കാതോർത്ത് കാതോർത്ത് ഞാനങ്ങനെ  ഉണർന്നിരുന്നു..!