Thursday, November 14, 2013

കുടുംബ കല്ലറ

കുടുംബ കല്ലറയിലെ ആറടി മണ്ണില്‍,

അവള്‍ അവനോടൊട്ടി കിടന്നു.

ചെമ്പകത്തിന്റെ മാദകഗന്ധമാണവളുടെ

മുടിക്കെന്നു പ്രേമപൂര്‍വ്വം പുലമ്പിയയാളുടെ,

നാസികയില്‍ അവളുടെ മുടി നാരിഴകള്‍ അഴിഞ്ഞുകിടന്നു...

അവളുടെ അരക്കെട്ട് ചുറ്റിപ്പിടിച്ച്, ചെവിയില്‍ ചുംബിച്ചിരുന്ന അയാളുടെ ,

വിരലുകള്‍ മാത്രം ഭൂമിയില്‍ ആഴ്ന്നുകിടന്നു...


അവരഴുകിതുടങ്ങിയപ്പോളവളുടെ ഹൃദയം

അയാളുടേതിനോട് പറ്റിച്ചേര്‍ന്നു..

കാലങ്ങള്‍ക്കപ്പുറം കല്ലറയിലെത്തുന്ന മകനെയൂട്ടാന്‍,

അവളുടെ സ്തനങ്ങള്‍ വറ്റാത്ത ഉറവയുമായി കാത്തുകിടന്നു...

അവര്‍ മരണത്തിലും ഒന്നിച്ചല്ലോയെന്നു അവരുടെ

സ്നേഹിതര്‍ പരസ്പരം പറഞ്ഞാശ്വസിച്ചു..

അപകടമരണത്തിനു തൊട്ടുമുന്‍പവര്‍ സമര്‍പ്പിച്ച ,

'സംയുക്ത വിവാഹ മോചന ഹര്‍ജി' മാത്രം ,

കുടുംബ കോടതിയില്‍ തന്റെയൂഴം കാത്തൊറ്റയ്ക്ക് കിടന്നു....


കുടുംബ കല്ലറ (2013 )

Wednesday, November 13, 2013

സൈക്കോസിസ്

മരിക്കാന്‍ കിടന്നിരുന്ന റേഡിയോ സര്‍വ്വ ശക്തിയുമെടുത്ത് വീണ്ടും ചിലച്ചു....

സ്വയം സംസാരിക്കുന്നതും ഉറക്കമില്ലായ്മയും  നിസ്സംഗതയും  നിരാശയും

  വിഷാദവും  ഒക്കെ സൈക്കോസിസ്സിന്റെ  ലക്ഷണങ്ങളാണത്രെ....!

മനശാസ്ത്രജ്ഞന്‍റെ സഹായമുടന്‍ തേടണമെന്ന് ആരോഗ്യ മന്ത്രാലയം...!!

മുഷിഞ്ഞ പുസ്തകത്തിന്റെ പിന്‍താളില്‍ എന്തൊക്കെയോ കുത്തി-

ക്കുറിച്ചുകൊണ്ടിരുന്ന എന്നെ ഓട്ടക്കണ്ണിട്ട് നോക്കിയത് നല്ല പകുതി....!!


വൈഷമ്യങ്ങള്‍ പെയ്തൊഴിയാത്ത മനസ്സ് അക്ഷരങ്ങളായി

കരകവിഞ്ഞതാണെന്ന് അറിയുന്നില്ലലോ നീയിനിയും...?

ഭ്രാന്തല്ല ..,ഭ്രാന്തിന്റെ ജല്പനവുമല്ലേയല്ല!!!

ദുഖങ്ങള്‍ ഉള്ളിലുറഞ്ഞു കൂടിയതിന്റെ പാര്‍ശ്വഫലമാവാം,

സൈക്കോസ്സിസ് അല്ല...,

ഞാന്‍ ഒരു കവി ആയതാണ്.. കവി... !!!





Saturday, November 9, 2013

മഞ്ചാടിക്കുരുക്കള്‍

എന്റെ കണ്ണുകള്‍ , കറുത്ത ഗോട്ടികളുരു-
ണ്ടുകളിക്കുന്ന വെള്ള തടാകങ്ങള്‍ ...
പക്ഷെ ഒലിച്ചിറങ്ങുന്നൊരീ സ്ഫടിക തുള്ളിക-
ളെന്റെ കണ്ണുനീരല്ലെന്നു മാത്രം...!!

തലച്ചോറ് പുകച്ചു കവിതയെഴു-
തിയപ്പോള്‍ വിയര്‍ത്തൊലിച്ചതാണ്..
തലച്ചോറിന്റെ വിയര്‍പ്പാണ്...
തലച്ചോറിന്റെ വിയര്‍പ്പാണ്....!!

കണ്ണീരല്ല...
കണ്ണില്‍ നീരില്ല...
കണ്ണില്‍ ചോരയുമില്ല.....
ചോര ഹൃദയത്തിലാണ്...
അണക്കെട്ടുകള്‍ തകര്‍ക്കാന്‍ പോന്നത്ര ചോരയുന്ടത്തില്‍...

വറ്റാത്തതായി  ചോര മാത്രമേ ഉള്ളു....
അല്ല...
 ചോരയല്ല... ചോരയല്ല...
ഉള്ളിലെ  മഞ്ചാടിക്കുരുക്കള്‍  ഉരുകിയൊലിക്കുന്ന ചുവപ്പ് മഴ...!!!

Friday, November 8, 2013

അമ്മച്ചി

ഗാന്ധാരി അല്ല ഞാന്‍..,
കുന്തിയും അല്ല ഞാന്‍..,
 പെണ്ണാണ്‌ ഞാന്‍ , 
പെണ്ണാണ്‌ ഞാന്‍...!

101 മക്കളെ പേറുവാനാകാത്ത,
6 മക്കളെ പെറുവാനുമാകാത്ത,
മച്ചിയെന്നു വിളിക്കപെടുന്നോരമ്മ-
അല്ല.. ഒരു പ്രതിശ്രുത അമ്മ..!!


ഗര്‍ഭപാത്രം ചതിച്ചതോ ,അറിയില്ല..,
പക്ഷെ ചോറ്റുപാത്രം ചതിച്ചില്ലീ മച്ചിയെ!!
തലേനാള്‍ ഈര്‍പ്പത്തില്‍ പൊതിഞ്ഞുവെച്ചോ-
രെന്‍ പയര്‍ ഭ്രൂണങ്ങള്‍ മുളച്ചിരിക്കുന്നു..!!

ഞാന്‍ അമ്മയായിരിക്കുന്നു അമ്മ...!! 
തിരുത്ത്..,
 അങ്ങനീമച്ചിയും അമ്മച്ചി ആയിരിക്കുന്നു.. !!
അമ്മച്ചി...

Monday, October 28, 2013

.അര്‍ബുദം

ഉണ്ണിക്കായി ചുരത്തിയ അമ്മിഞ്ഞപ്പാലാവാം
പാല്‍ക്കട്ടിയായി എന്നില്‍ വീണ്ടും ജന്മം കൊണ്ടത്...
മഷിത്തണ്ടും സ്ലേറ്റും പെന്‍സിലുമായി പോയവന്‍,
നെഞ്ചില്‍ പൂച്ചെണ്ടുകളുമേന്തി മടങ്ങുമെന്ന് അന്നാരറിഞ്ഞു ?
ഉണ്ണി മാത്രമോര്‍ത്തിരിക്കാം  മടക്കമിനി യൊന്നില്ലയെന്നു,
പതിവില്ലാതോരുമ്മകള്‍ തെരുതെരെ തന്നവന്‍ ,
പുഞ്ചിരിച്ചു മറഞ്ഞതിന്‍ കാരണവുമതാവാം..?

കാലത്തിനിപ്പുറം, കാതങ്ങള്‍ക്കിപ്പുറം,
അമ്മയുടെ അമ്മിഞ്ഞ വീണ്ടും ഗര്‍ഭം കൊണ്ടു....
ഉണ്ണിക്കൊപ്പം അമ്മയെയും കൂട്ടാനായി,
അമ്മയുടെ നെഞ്ചില്‍ പിടക്കുന്നോരാ
പാല്‍ക്കട്ടി.......അര്‍ബുദം...!!!!!

Monday, October 21, 2013

നഷ്ടം (2012)

നേടിയാല്‍ അല്ലെ നഷ്ട്ടമാവൂ..?
ഇല്ലെങ്കില്‍ 'നഷ്ടം' വെറും ഒരു പാഴ്വാക്ക് മാത്രം....!
നേടുവാന്‍ ഒക്കുന്നതൊന്നു മാത്രം...;
അത് വെറും 'നഷ്ടം' മാത്രം...!!!!!