Tuesday, October 14, 2014

സിൽവിയ




ഡും.. ഡും.. ഡും.... വാതിലിൽ നിർത്താതെ  ആരോ  ശക്തിയായി മുട്ടിക്കൊണ്ടേയിരുന്നു.അത് കേട്ട് ഉറക്കം നഷ്ടപ്പെട്ടത്തിന്റെ അസ്വസ്ഥതയോടെയാണ് അയാൾ ഉറക്കം എണീറ്റത് .തൊട്ടടുത്തു തന്നെ ഉള്ള മേശപ്പുറത്ത് കൈ കൊണ്ട് പരതി .ടേബിൾ ലാംബ് ഓണാക്കി ,വാച്ചെടുത്ത് നോക്കി.സമയം പുലർച്ചെ 2.50 .പുലരാനാകും മുൻപ്‌ ഇതാരായിരിക്കുമെന്ന ആകാംഷയും ഉറക്കച്ചടവുമായി അയാൾ  വേച്ചു വേച്ചു വാതിലിനെ ലക്ഷ്യമാക്കി നീങ്ങി.



വാതിലിന്റെ സാക്ഷ മാറ്റിയതും ശക്തമായി ആരോ ശക്തിയായി വാതിൽ തള്ളി തുറന്നു.തന്നെ കടന്നു പോയി ആ രൂപം കിടക്കമേൽ ഇരുപ്പുറപ്പിച്ചു.ഒരു പെണ്‍കുട്ടി ആണ്.

ഇതാരാണീ നേരത്ത്..?

എല്പം അമ്പരപ്പോടും  ഭയത്തോടും  പിന്നെ മറ്റെന്തെല്ലാമോ ആശങ്കകളോടും  അയാൾ  ലൈറ്റിന്റെ സ്വിച്ചിൽ  വിരലമർത്തി.

" നിങ്ങൾ ആരാണ് ..? മനസിലായില്ല ..!!?

ആ പെണ്‍കുട്ടി മേശപ്പുറത്തെ കടലാസുകളിലേക്ക് തന്നെ  ഉറ്റു നോക്കികൊണ്ടിരിക്കുകയാണ്... കഥയെഴുതി ,വീണ്ടും തിരുത്തി , ചുരുട്ടിക്കൂട്ടി ചവിറ്റു  കുട്ടയിലെറിഞ്ഞ കടലാസ് തുണ്ടുകളും പെറുക്കിയെടുത്ത് ,ചുളിവുകൾ ശ്രദ്ധയോടെ നിവർത്തി ,അവൾ ഓരോ കടലാസും വായിക്കുകയാണ്.



"ഇതിലൊന്നുമില്ലല്ലോ..?..ഇതിലൊന്നുമില്ലല്ലോ..?  "എന്ന് സ്വയം പുലമ്പുന്നുമുണ്ട്.



അമ്പരപ്പോടു  കൂടി താനിപ്പോളും അവളെ തന്നെ നോക്കി നില്ക്കുകയാണെന്ന വെളിപാടുണ്ടായപ്പോൾ അയാള് വീണ്ടും ഉറക്കെ ചോദിച്ചു.



":നീ ആരാണ്..? എന്താണീ നേരത്തിവിടെ? എന്താണ് എന്റെ കടലാസുകളിൽ നീ തിരയുന്നത്?"

അയാൾ ചോദ്യ ശരങ്ങൾ എയ്തുകൊണ്ടേയിരുന്നു.



നീണ്ട മൗനത്തിനപ്പുറം, മേശമേലിരിക്കുന്ന കറുത്ത കറുത്ത മഷിപ്പേന കൈയ്യിൽ എടുത്ത് കൊണ്ട് അവൾ ചോദിച്ചു. ഈ പേന കൊണ്ടല്ലേ നീ എന്റെ മനസ്സും ശരീരവും വരഞ്ഞത് ? എന്നിട്ടെന്തേ , സങ്കീർണമായ ഒരു ബിന്ദുവിൽ എന്നെ ഉപേക്ഷിച്ചു നീ മടങ്ങി..? ശ്മശാനത്തിനു അടുത്തുള്ള ആ ലൈബ്രറിയിൽ  ഒറ്റയ്ക്ക് വിട്ടിട്ട്  നീ എന്തെ എന്നെ മടക്കിക്കൊണ്ടുവന്നില്ല..? പൊടി തട്ടി എടുത്ത ചില പുസ്തകങ്ങളിലൂടെ വിരലോടിച്ചു  നിൽക്കുകയായിരുന്നു  ഞാൻ ഇത് വരെ.

... പക്ഷെ നീ എന്തെ മടങ്ങി വന്നില്ല? രാത്രിയും കൂടെ കൂട്ടി നാലര വർഷവും പത്തൊൻപതു  രാത്രികളുമായി ...

ഇന്ന് രണ്ടും കൽപ്പിച്ചാണ്  നിന്നെ തേടി വന്നത്.... ഈ ലോഡ്ജ്  മുറി  കണ്ടെത്താനും  ഞാൻ അല്പം കഷ്ട്ടപെട്ടു."



നീ.... നീ....?



അയാൾ അത്ഭുതം കൂരിയ കണ്ണുകളോടെ അയാളെ നോക്കി...എന്തൊക്കെയോ ചോദ്യങ്ങൾ മനസ്സില് നുരഞ്ഞു പൊങ്ങുന്നു...



" നീ എന്റെ സിൽവിയ  അല്ലെ?

 എന്റെ കഥയിലെ സിൽവിയ ഡിക്രൂസ്..?



പെണ്‍കുട്ടി ചിരിച്ചു കൊണ്ട് മറുപടി പറയുന്നു.....



" അപ്പൊ എന്നെ ഓർമ്മയുണ്ട് ല്ലേ??

ലൈബ്രറിയിൽ പുസ്തകം തിരഞ്ഞുകൊണ്ടിരുന്ന എന്നെ മറന്നിട്ട് നീ പോയില്ലേ..? ഇനി എന്താണെന്റെ ജീവിതത്തിൽ സംഭവിക്കുക എന്നാ ആശങ്കയിൽ ആയിരുന്നു ഞാൻ ഈ നിമിഷം വരെയും ജീവിച്ചത്...നിനക്കറിയാമല്ലോ എന്റെ ജീവിതത്തിൽ ഞാൻ ഏറ്റുവാങ്ങിയ ദുരന്തങ്ങളൊക്കെയും ..? ആ നീ തന്നെ എന്നെ വിസ്മരിച്ചതാണ് വല്ലാതെ പൊള്ളിച്ചത്..!!!



അവൾ വിതുമ്പിത്തുടങ്ങിയിരുന്നു..



" എനിക്കറിയണം..., എനിക്കെന്താണ് സംഭവിച്ചതെന്ന്.....?

ജനലിനടുത്തുള്ള കറുത്ത ട്രങ്ക്  പെട്ടിയിൽ അലസമായി തള്ളിയിരുന്ന നോട്ടുബുക്കുകൾ ഓരോന്നായി എടുത്ത് അവൾ സസൂക്ഷ്മം നോക്കിത്തുടങ്ങി...

" ഇതിലില്ല...എന്റെ കഥ ഇതിലൊന്നുമില്ല....."

"പറയൂ ഇനി എന്താണെന്റെ കഥ.. പറയൂ.... ഈർപ്പമിറങ്ങി നിറം മങ്ങിയ ചുമരുകളിൽ തട്ടി അവളുടെ തേങ്ങൽ അലിഞ്ഞില്ലാതെയായി...



അയാൾ പതിയെ അവളുടെ നേർക്ക്  നടന്നു ചെന്നു, തണുത്തു വിറങ്ങലിച്ച തന്റെ കൈകൾ അവളുടെ ചുമലിൽ ചേർത്ത് വെച്ചു...



"സിൽവിയ.. എന്നോട് ക്ഷമിക്കൂ...നാലര വർഷങ്ങൾക്ക്  മുൻപ് , നിന്നെ ഉപേക്ഷിച്ച ആ ലൈബ്രറിക്കപ്പുറം നിന്നെ എഴുതാൻ ഈ നിമിഷം വരെ എനിക്ക് സാധിച്ചിട്ടില്ല സിൽവിയാ....എനിക്കതിനു കഴിയുന്നില്ല..എനിക്കറിയില്ല ഇനി എന്താണ് നിന്റെ ജീവിതത്തിൽ സംഭാവിക്കേണ്ടതെന്നു ....ഞാൻ നിസ്സഹായനാണ് സിൽവിയാ.... ആ നോട്ടുപുസ്തകം തീയിലെറിഞ്ഞു നിന്നെ ഇല്ലാതെയാക്കാനും എനിക്കാവില്ല..!!

അവളുടെ കൈകൾ തന്റെതിനോട്  ചേർത്ത്  പിടിച്ചു കൊണ്ട് ഒരു കൊച്ചു കുട്ടിയെ പോലെ അയാൾ വാവിട്ടു നിലവിളിച്ചു..!!



" അയ്യേ... എന്റെ ബ്രഹ്മാവ്‌ കരയുന്നോ..? എനിക്കിപ്പോ ഈ അരക്ഷിതാവസ്ഥ  ഒക്കെ ശീലമായി...വർഷം  നാലര ആയില്ലേ...? സാരമില്ല....ഞാൻ ആ ലൈബ്രറിയിൽ കാത്തിരുന്നോളാം...ഒന്നുമില്ലേലും എനിക്ക് വായിച്ചു വായിച്ചു വായിച്ചു  അങ്ങനെ അങ്ങ് ജീവിക്കാനുള്ള അത്രയും പുസ്തകങ്ങൾ ഉണ്ടല്ലോ ഇവിടെ...!!

 ആട്ടെ... എന്താ ഇപ്പൊ പുതുതായി എഴുതുന്നേ..?"

2014 എന്ന്  പുറംചട്ടയിലെഴുതിയിട്ടുള്ള ഡയറി കൈയ്യിലെടുത്ത് കൊണ്ട് അവൾ  ചോദിച്ചു.



"സിൽവിയാ..നീ വന്ന ദിവസം ഏതായാലും നന്നായി...ഞാൻ വളരെ വിചിത്രമായ ഒരു കഥാഗതിയിൽ എത്തിനിൽക്കുകയായിരുന്നു,



" I was in search of my own tomb... എന്റെ കുഴിമാടം തിരഞ്ഞു കണ്ടുപിടിക്കുന്ന നിമിഷത്തിലാണ് കഥ നിൽക്കുന്നത്...പക്ഷെ ഇത് കഥയുടെ ക്ലൈമാക്സ് ആണ്.എനിക്ക് കഥയുടെ തുടക്കം അറിയില്ല..തുടക്കത്തിലേക്കുള്ള മടക്കത്തിലാണ് ഞാൻ...എന്റെ കുഴിമാടത്തിൽ തട്ടി നിൽക്കുകയാണ് ഈ കഥ..കുഴിമാടത്തിന്റെ അവകാശിയായ ഈ ഞാൻ ആരാണ്...?

സിൽവിയാ... നീ എങ്കിലും പറഞ്ഞു തരൂ.. ഞാനാരാണ്.... ഞാനാരാണ്.......???



ലോഡ്ജ്  മുറി വിട്ട് ലൈബ്രറിയിലേക്ക് സിൽവിയ തിരികെ നടന്നു.



ശ്മശാനത്തിന്റെ പാതി ചാരിയ കവാടത്തിലൂടെ ഉള്ളിലേക്ക് നോക്കിയപ്പോൾ, തന്റെ കുഴിമാടത്തിൽ  എന്തോ തിരയുന്ന ഒരു യുവാവിനെ ,പുലരിയുടെയും രാത്രിയുടെയും ഇടയിലെ പ്രഭയിൽ അവൾ കണ്ടു...!!






1 comment:

  1. എനിക്ക് കേരള യൂണിവേഴ് സിറ്റി ലൈബ്രറിയിലെ stack Room ന്റെ രണ്ടാം നിലയിലെ ഇരുട്ടും പൊടിയും പുസ്തകമണവും ഓര്മ്മ വരുന്നു.

    ReplyDelete